ആത്മവിശ്വാസമുള്ള പ്രാര്‍ത്ഥന
അനേക വര്‍ഷങ്ങള്‍ ഒരു കുഞ്ഞിനുവേണ്ടി കൊതിച്ച വിശ്വാസ് - റീത്ത ദമ്പതികള്‍, റീത്ത ഗര്‍ഭം ധരിച്ചപ്പോള്‍ ഏറെ സന്തോഷിച്ചു. എന്നിരുന്നാലും, അവളുടെ ആരോഗ്യപ്രശ്നങ്ങള്‍ കുഞ്ഞിന് അപകടകരമാണെന്നു മനസ്സിലായപ്പോള്‍, വിശ്വാസ് ഓരോ രാത്രിയും ഉണര്‍ന്നിരുന്നു ഭാര്യയ്ക്കും കുഞ്ഞിനും വേണ്ടി പ്രാര്‍ത്ഥിച്ചു. ഒരു രാത്രിയില്‍, താന്‍ കഠിനമായി പ്രാര്‍ത്ഥിക്കേണ്ട ആവശ്യമില്ലെന്ന് വിശ്വാസ് മനസ്സിലാക്കി, കാരണം താന്‍ കാര്യങ്ങള്‍ ഏറ്റെടുത്തിട്ടുണ്ടെന്നു ദൈവം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഒരാഴ്ചയ്ക്കു ശേഷം റീത്തയുടെ ഗര്‍ഭം അലസി. വിശ്വാസ് തകര്‍ന്നുപോയി. താന്‍ വേണ്ടത്ര കഠിനമായി പ്രാര്‍ത്ഥിക്കാതിരുന്നതുകൊണ്ടാണോ കുഞ്ഞിനെ നഷ്ടപ്പെട്ടത്? വിശ്വാസ് ആശ്ചര്യപ്പെട്ടു.
ആദ്യ വായനയില്‍, ഇന്നത്തെ ഉപമ അങ്ങനെ നിര്‍ദ്ദേശിക്കുന്നുവെന്നു നാം ചിന്തിച്ചേക്കാം. കഥയില്‍, ഒരു അയല്ക്കാരന് (ദൈവത്തെയാണു പ്രതിനിധീകരിക്കുന്നതെന്നു ചിലപ്പോള്‍ തോന്നിപ്പോകും) സുഹൃത്തിന്റെ നിരന്തര ശല്യപ്പെടുത്തല്‍ നിമിത്തം കിടക്കയില്‍ നിന്നെഴുന്നേറ്റ് അവനെ സഹായിക്കുന്നു (ലൂക്കൊസ് 11:5-8). ഈ രീതിയില്‍ വായിച്ചാല്‍, ഉപമ സൂചിപ്പിക്കുന്നത് നാം ദൈവത്തെ ശല്യപ്പെടുത്തിയാല്‍ മാത്രമേ നമുക്കാവശ്യമുള്ളത് ദൈവം നല്‍കൂ എന്നാണ്. നാം വേണ്ടത്ര കഠിനമായി പ്രാര്‍ത്ഥിക്കുന്നില്ലെങ്കില്‍, ഒരുപക്ഷെ ദൈവം നമ്മെ സഹായിക്കയില്ല.
എന്നാല്‍ പ്രശസ്ത വേദപുസ്തക വ്യാഖ്യാതാക്കള്‍ വിശ്വസിക്കുന്നത്, ഇത് ഉപമയെ തെറ്റിദ്ധരിക്കുന്ന വ്യാഖ്യാനമാണെന്നാണ് - അതിന്റെ യഥാര്‍ത്ഥ പോയിന്റ്, അയല്‍ക്കാര്‍ സ്വാര്‍ത്ഥലക്ഷ്യങ്ങള്‍കൊണ്ടു നമ്മെ സഹായിക്കുമെങ്കില്‍, നമ്മുടെ നിസ്വാര്‍ത്ഥനായ പിതാവ് എത്രയധികം എന്നതാണ്. അതിനാല്‍, തെറ്റുകളുള്ള മനുഷ്യരെക്കാള്‍ ദൈവം വലിയവനാണെന്ന് അറിഞ്ഞുകൊണ്ട് (വാ. 11-13) നമുക്ക് ആത്മവിശ്വാസത്തോടെ ചോദിക്കാം (വാ. 9-10). അവിടുന്ന് ഉപമയിലെ അയല്‍ക്കാരനല്ല, മറിച്ച് അവന്റെ നേരെ വിപരീതമാണ്.
''എന്തുകൊണ്ടാണ് നിങ്ങളുടെ കുഞ്ഞിനെ നഷ്ടപ്പെട്ടതെന്ന് എനിക്കറിയില്ല,'' ഞാന്‍ വിശ്വാസിനോടു പറഞ്ഞു, ''പക്ഷേ, നിങ്ങള്‍ വേണ്ടത്ര കഠിനമായി പ്രാര്‍ത്ഥിക്കാത്തതുകൊണ്ടല്ല അതെന്നെനിക്കറിയാം. ദൈവം അത്തരക്കാരനല്ല.''
ദൈവമക്കള്
കുട്ടികളില്ലാത്ത ദമ്പതികള്‍ക്കായി, ഞാനൊരിക്കല്‍ ഒരു സമ്മേളനത്തില്‍ സംസാരിച്ചു. പങ്കെടുത്തവരില്‍, തങ്ങളുടെ വന്ധ്യതയില്‍ ഹൃദയം തകര്‍ന്നിരുന്ന പലരും, തങ്ങളുടെ ഭാവിയെക്കുറിച്ച് നിരാശിതരായിരുന്നു. മക്കളില്ലാത്ത അവസ്ഥയിലൂടെ ജീവിച്ചിരുന്ന ഞാന്‍ അവരെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ചു. 'മാതാപിതാക്കളാകാതെ തന്നെ നിങ്ങള്‍ക്ക് അര്‍ത്ഥവത്തായ ഒരു വ്യക്തിത്വം നേടാന്‍ കഴിയും,' ഞാന്‍ പറഞ്ഞു. 'നിങ്ങള്‍ ഭയങ്കരവും അതിശയകരവുമായി സൃഷ്ടിക്കപ്പെട്ടവരാണെന്ന് ഞാന്‍ വിശ്വസിക്കുന്നു; നിങ്ങള്‍ക്കു കണ്ടെത്താന്‍ കഴിയുന്ന പുതിയ ഉദ്ദേശ്യമുണ്ട്.''
പിന്നീട് ഒരു സ്ത്രീ കണ്ണീരോടെ എന്നെ സമീപിച്ചു. 'നന്ദി,' അവള് പറഞ്ഞു. 'കുട്ടികളില്ലാത്തതില്‍ വിലകെട്ടവളായി എനിക്കു തോന്നിയിരുന്നു, ഞാന്‍ ഭയങ്കരവും അതിശയകരവുമായി സൃഷ്ടിക്കപ്പെട്ടവളാണെന്ന സന്ദേശം എനിക്കുള്ളതായിരുന്നു.' യേശുവില്‍ വിശ്വസിക്കുന്നവളാണോ എന്നു ഞാന്‍ ആ സ്ത്രീയോടു ചോദിച്ചു. 'വര്‍ഷങ്ങള്‍ക്കുമുമ്പു ഞാന്‍ ദൈവത്തില്‍ നിന്ന് അകന്നുപോയി,' അവള് പറഞ്ഞു. 'പക്ഷെ എനിക്ക് ദൈവവുമായി വീണ്ടും ഒരു ബന്ധം ആവശ്യമാണ്.'
ഇതുപോലുള്ള സമയങ്ങള്‍, സുവിശേഷം എത്ര അടിസ്ഥാനമുള്ളതാണെന്ന് എന്നെ ഓര്‍മ്മിപ്പിക്കുന്നു. 'പിതാവ്,' 'മാതാവ്' എന്നിങ്ങനെയുള്ള ചില വ്യക്തിത്വങ്ങള്‍ ചിലര്‍ക്കു നേടുവാന്‍ പ്രയാസമാണ്. ഒരു ജോലിയെ അടിസ്ഥാനമാക്കിയുള്ള വ്യക്തിത്വങ്ങള്‍ തൊഴില്‍രഹിതര്‍ക്കു നഷ്ടപ്പെടാം. എന്നാല്‍ യേശുവിലൂടെ നാം ദൈവത്തിന്റെ 'പ്രിയമക്കളായി' മാറുന്നു - ആര്‍ക്കും ഒരിക്കലും മോഷ്ടിക്കാനാവാത്ത വ്യക്തിത്വമാണത് (എഫെസ്യര്‍ 5:1). അതിനുശേഷം നമുക്കു 'സ്നേഹത്തിന്റെ പാതയില്‍ നടക്കുവാന്‍' കഴിയും - ഏതൊരു റോളിനെയും തൊഴില്‍ പദവിയെയും കവിയുന്ന ഒരു ജീവിതോദ്ദേശ്യമാണത് (വാ. 2).
എല്ലാ മനുഷ്യരും 'ഭയങ്കരവും അതിശയകരവുമായി സൃഷ്ടിക്കപ്പെട്ടവരാണ്' (സങ്കീര്‍ത്തനം 139:14). യേശുവിനെ അനുഗമിക്കുന്നവര്‍ ദൈവമക്കളായിത്തീരുന്നു (യോഹന്നാന് 1:12-13). നിരാശിതയായിരുന്ന ആ സ്ത്രീ, പ്രത്യാശയുള്ളവളായി - ഈ ലോകത്തിനു നല്കാന് കഴിയുന്നതിനേക്കാള്‍ ഉന്നതമായ ഒരു വ്യക്തിത്വവും ലക്ഷ്യവും കണ്ടെത്തുന്നവളായി - മടങ്ങിപ്പോയി.
നമ്മുടെ യഥാര്‍ത്ഥ സ്വത്വം
എന്റെ മാതാപിതാക്കളുടെ പഴയ ഫോട്ടോ ആല്‍ബത്തിനുള്ളില്‍ ഒരു കൊച്ചുകുട്ടിയുടെ ചിത്രമുണ്ട്. അവനു വൃത്താകൃതിയിലുള്ള മുഖവും നുണക്കുഴിയും നേരെയുള്ള മുടിയുമാണുള്ളത്. അവനു കാര്ട്ടൂണുകള് ഇഷ്ടമാണ്, ചില പഴങ്ങള്‍ വെറുപ്പാണ്, വിചിത്രമായ സംഗീതം ഇഷ്ടമാണ്. ആ ആല്‍ബത്തിനുള്ളില്‍ ഒരു കൗമാരക്കാരന്റെ ചിത്രമുണ്ട്. അവന്റെ മുഖം വൃത്താകൃതിയല്ല, നീണ്ടതാണ്; അവന്റെ തലമുടി ചുരുണ്ടതാണ്, നേരെയുള്ളതല്ല. അവനു നുണക്കുഴി ഇല്ല, ചില പഴങ്ങള്‍ ഇഷ്ടമാണ്, കാര്‍ട്ടൂണുകളേക്കാള്‍ സിനിമ കാണാനിഷ്ടപ്പെടുന്നു, ചിലതരം സംഗീതം ഇഷ്ടപ്പെടുന്നതായി ഒരിക്കലും സമ്മതിക്കില്ല! കൊച്ചുകുട്ടിയും കൗമാരക്കാരനും തമ്മില്‍ വലിയ സാമ്യമില്ല. ശാസ്ത്രം അനുസരിച്ച് അവരുടെ ചര്‍മ്മവും പല്ലുകളും രക്തവും അസ്ഥികളും തമ്മില്‍ വ്യത്യാസമുണ്ട്. എന്നാല്‍ അതു രണ്ടും ഞാനാണ്. ഈ വൈരുദ്ധ്യം തത്വചിന്തകരെ അമ്പരപ്പിച്ചിട്ടുണ്ട്. ജീവിതത്തിലുടനീളം നാം മാറിക്കൊണ്ടിരിക്കുന്നതിനാല്‍, ആരാണ് യഥാര്‍ത്ഥ നമ്മള്?
തിരുവെഴുത്ത് ഉത്തരം നല്കുന്നു. ദൈവം നമ്മെ ഗര്‍ഭപാത്രത്തില്‍ മെനയാന്‍ തുടങ്ങിയ നിമിഷം മുതല്‍ (സങ്കീര്‍ത്തനം 139:13-14), നമ്മുടെ അതുല്യമായ രൂപകല്പനയിലേക്കു നാം വളരുകയാണ്. ഒടുവില്‍ നാം എന്തായിത്തീരുമെന്നു നമുക്കു സങ്കല്പിക്കാന് കഴിയുകയില്ലെങ്കിലും, നാം ദൈവമക്കളാണെങ്കില്‍, ആത്യന്തികമായി നാം യേശുവിനെപ്പോലെയായിത്തീരുമെന്നു നമുക്കറിയാം (1 യോഹന്നാന് 3:2). അതായത്, നമ്മുടെ ശരീരം അവന്റെ പ്രകൃതത്തോടും നമ്മുടെ സ്വത്വം അവന്റെ സ്വഭാവത്തോടും അനുരൂപമായി മാറുകയും നമ്മുടെ എല്ലാ കഴിവുകളും തിളങ്ങുകയും നമ്മുടെ എല്ലാ പാപങ്ങളും ഇല്ലാതാകുകയും ചെയ്യും.
യേശു മടങ്ങിവരുന്ന ദിവസം വരെ, ഈ ഭാവി സ്വത്വത്തിലേക്കു നാം ആകര്‍ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അവന്റെ പ്രവൃത്തിയിലൂടെ, പടിപടിയായി, നമുക്ക് അവന്റെ സാദൃശ്യത്തെ കൂടുതല്‍ വ്യക്തമായി പ്രതിഫലിപ്പിക്കാന്‍ കഴിയും (2 കൊരിന്ത്യര്‍ 3:18). നാം ആരായിത്തീരുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല, എന്നാല്‍ നാം യേശുവിനെപ്പോലെയാകുമ്പോള് നാം നമ്മുടെ യഥാര്‍ത്ഥ സ്വത്വത്തിനുടമകളായിത്തീരുന്നു.
കുറ്റബോധവും ക്ഷമയും
ഹ്യൂമന്‍ യൂണിവേഴ്സല്‍സ് എന്ന തന്റെ പുസ്തകത്തില്‍, നരവംശശാസ്ത്രജ്ഞന് ഡൊണാള്‍ഡ് ബ്രൗണ്‍, മനുഷ്യകുലത്തിനു പൊതുവായിട്ടുള്ളതെന്നു താന്‍ കരുതുന്ന നാനൂറിലധികം പെരുമാറ്റങ്ങളുടെ പട്ടിക ഉണ്ടാക്കിയിട്ടുണ്ട്. കളിപ്പാട്ടങ്ങള്‍, തമാശകള്‍, നൃത്തങ്ങള്‍, പഴഞ്ചൊല്ലുകള്‍, പാമ്പുകളെക്കുറിച്ചുള്ള ജാഗ്രത, വസ്തുക്കള്‍ കയറുകൊണ്ടു കെട്ടുക തുടങ്ങിയ കാര്യങ്ങള്‍ അവയില്‍ ഉള്‍പ്പെടുന്നു! അതുപോലെ, എല്ലാ സംസ്കാരങ്ങള്‍ക്കും ശരിയും തെറ്റും സംബന്ധിച്ച സങ്കല്പങ്ങള് ഉണ്ടെന്നും, ഔദാര്യത്തെ ആളുകള്‍ പ്രശംസിക്കുന്നുവെന്നും വാഗ്ദാനങ്ങള്‍ വിലമതിക്കപ്പെടുന്നുവെന്നും അദ്ദേഹം വിശ്വസിക്കുന്നു. കൂടാതെ നീചത്വം, കൊലപാതകം തുടങ്ങിയ കാര്യങ്ങള്‍ തെറ്റാണെന്നും മനസ്സിലാക്കുന്നു. നാം എവിടെ നിന്നുള്ളവരായാലും, നമുക്കെല്ലാവര്‍ക്കും മനഃസാക്ഷി ഉണ്ട്.
അപ്പൊസ്തലനായ പൗലൊസ് നൂറ്റാണ്ടുകള്‍ക്കു മുമ്പു സമാനമായ ഒരു കാര്യം പറഞ്ഞു. തെറ്റില്‍നിന്നു ശരിയെ വേര്‍തിരിക്കാന്‍ ദൈവം യെഹൂദജനതയ്ക്കു പത്തു കല്പനകള് നല്കിയപ്പോള്, വിജാതീയര്‍ക്ക് അവരുടെ മനഃസാക്ഷിയെ അനുസരിക്കുന്നതിലൂടെ ശരിയായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതിനാല്‍, ദൈവത്തിന്റെ നിയമങ്ങള്‍ അവരുടെ ഹൃദയത്തില്‍ എഴുതിയിട്ടുണ്ടെന്നു പൗലൊസ് വ്യക്തമാക്കി (റോമര്‍ 2:14-15). എന്നാല്‍ അതിനര്‍ത്ഥം ആളുകള്‍ എപ്പോഴും ശരിയായതു ചെയ്തു എന്നല്ല. വിജാതീയര്‍ തങ്ങളുടെ മനഃസാക്ഷിക്കെതിരെ മത്സരിച്ചു (1:32), യെഹൂദന്മാര്‍ ന്യായപ്രമാണം ലംഘിച്ചു (2:17-24), അങ്ങനെ ഇരുവരും കുറ്റക്കാരായി. എന്നാല്‍ യേശുവിലുള്ള വിശ്വാസത്തിലൂടെ ദൈവം നമ്മുടെ എല്ലാ നിയമലംഘനങ്ങളുടെയും മരണശിക്ഷ നീക്കംചെയ്യുന്നു (3:23-26; 6:23).
ശരിയും തെറ്റും തിരിച്ചറിയാനുള്ള ബോധത്തോടെയാണു ദൈവം എല്ലാ മനുഷ്യരെയും സൃഷ്ടിച്ചത് എന്നതുകൊണ്ട്, നാം ചെയ്ത ഒരു മോശമായ കാര്യത്തെക്കുറിച്ചോ അല്ലെങ്കില്‍ ചെയ്യാന്‍ പരാജയപ്പെട്ട ഒരു നല്ല കാര്യത്തെക്കുറിച്ചോ നമുക്ക് ഓരോരുത്തര്‍ക്കും കുറച്ചു കുറ്റബോധം തോന്നും. നാം ആ പാപങ്ങള്‍ ഏറ്റുപറയുമ്പോള്‍, ദൈവം ഒരു വൈറ്റ്ബോര്‍ഡ് തുടച്ചു വൃത്തിയാക്കുന്നതുപോലെ ആ കുറ്റബോധത്തെ തുടച്ചുനീക്കുന്നു. നാം ചെയ്യേണ്ടത് അവനോടു ചോദിക്കുക മാത്രമാണ് - നാം ആരായാലും നാം എവിടെ നിന്നുള്ളവരായാലും.
പ്രകൃതിയെ ശ്രദ്ധിക്കുക
അടുത്തിടെ ഞാനും ഒരു സ്നേഹിതനും കൂടി, നടക്കാന്‍ ഞാന്‍ അത്യധികം ഇഷ്ടപ്പെടുന്ന ഒരു സ്ഥലം സന്ദര്‍ശിക്കുകയുണ്ടായി. സദാ കാറ്റു വീശിയടിക്കുന്ന ഒരു കുന്നു കയറി, കാട്ടുപൂക്കളുടെ ഒരു പ്രദേശം കടന്ന്, കൂറ്റന്‍ പൈന്‍മരക്കാടുകളിലെത്തി, തുടര്‍ന്ന് ഒരു താഴ്വരയിലേക്ക് ഇറങ്ങി, അവിടെ ഞങ്ങള്‍ ഒരു നിമിഷം നിന്നു. മേഘങ്ങള്‍ ഞങ്ങള്‍ക്കു മുകളില്‍ ശാന്തമായി നീങ്ങി. സമീപത്ത് ഒരു അരുവി ഒലിച്ചിറങ്ങുന്നു. പക്ഷികളുടെ ശബ്ദം മാത്രമേ കേള്‍ക്കാനുണ്ടായിരുന്നുള്ളു. എല്ലാം ഉള്ളിലേക്ക് ആവാഹിച്ചുകൊണ്ടു ഞാനും സ്നേഹിതനും പതിനഞ്ചു മിനിറ്റു നിശബ്ദമായി അവിടെ നിന്നു.
അന്നത്തെ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആഴത്തില്‍ സൗഖ്യം പ്രദാനം ചെയ്യുന്നതായിരുന്നു. ഒരു യുഎസ് സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷണമനുസരിച്ച്, പ്രകൃതിയെ ധ്യാനിക്കുന്നതിനായി സമയം കണ്ടെത്തുന്ന ആളുകള്‍ക്ക് ഉയര്‍ന്ന അളവിലുള്ള സന്തോഷവും താഴ്ന്ന അളവിലുള്ള ഉത്കണ്ഠയും ഭൂമിയെ പരിപാലിക്കാനുള്ള വലിയ ആഗ്രഹവും ഉണ്ടാകുന്നു. എങ്കിലും കാട്ടിലൂടെ നടക്കുന്നതുകൊണ്ടു മാത്രം മതിയാകില്ല. നിങ്ങള്‍ മേഘങ്ങളെ നിരീക്ഷിക്കുകയും, പക്ഷികളുടെ ശബ്ദം കേള്‍ക്കുകയും വേണം. പ്രകൃതിയില്‍ ആയിരിക്കുക എന്നതല്ല പ്രധാനം, അതിനെ ശ്രദ്ധിക്കുക എന്നതാണ്.
പ്രകൃതിയുടെ ഗുണങ്ങള്‍ക്ക് ഒരു ആത്മീയകാരണം ഉണ്ടോ? സൃഷ്ടി ദൈവത്തിന്റെ ശക്തിയും സ്വഭാവവും വെളിപ്പെടുത്തുന്നുവെന്നു പൗലൊസ് പറഞ്ഞു (റോമര്‍ 1:20). ദൈവസാന്നിധ്യത്തിന്റെ തെളിവായി കടലിനെയും ആകാശത്തെയും നക്ഷത്രങ്ങളെയും നോക്കാന്‍ ദൈവം ഇയ്യോബിനോടു പറഞ്ഞു (ഇയ്യോബ് 38-39). 'ആകാശത്തിലെ പറവകളെയും വയലിലെ പുഷ്പങ്ങളെയും' ധ്യാനിക്കുന്നതു ദൈവത്തിന്റെ കരുതലിനെ വെളിപ്പെടുത്താനും ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കുമെന്ന് യേശു പറഞ്ഞു (മത്തായി 6:25-30). തിരുവെഴുത്തില്‍, പ്രകൃതിയെ ശ്രദ്ധിക്കുന്നത് ഒരു ആത്മീയപരിശീലനമാണ്.
പ്രകൃതി നമ്മെ ഇത്രയധികം സാധകാത്മകമായി ബാധിക്കുന്നത് എന്തുകൊണ്ടാണെന്നു ശാസ്ത്രജ്ഞര്‍ ആശ്ചര്യപ്പെടുന്നു. ഒരുപക്ഷേ ഒരു കാരണം, പ്രകൃതിയെ ശ്രദ്ധിക്കുന്നതിലൂടെ, അതിനെ സൃഷ്ടിച്ചവനും നമ്മെ ശ്രദ്ധിക്കുന്നവനുമായ ദൈവത്തെക്കുറിച്ച് ഒരു ദര്‍ശനം നമുക്കു ലഭിക്കും എന്നതായിരിക്കും.
ആദ്യം വേണ്ടതു പാലാണ്
ഏഴാം നൂറ്റാണ്ടില്‍, ഇപ്പോള്‍ യുണൈറ്റഡ് കിങ്ഡം എന്നറിയപ്പെടുന്നത് പരസ്പരം യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന പല രാജ്യങ്ങളായിരുന്നു. അതിലൊരു രാജാവായ, നോര്‍ത്തംബ്രിയയിലെ ഓസ്വാള്‍ഡ് യേശുവില്‍ വിശ്വസിച്ചപ്പോള്‍, തന്റെ പ്രദേശത്തേക്ക് സുവിശേഷം എത്തിക്കാനായി ഒരു മിഷനറിയെ വിളിച്ചുവരുത്തി. കോര്മാന് എന്നൊരാളാണ് വന്നത്, പക്ഷേ കാര്യങ്ങള്‍ ശരിയായി മുന്നോട്ടു പോയില്ല. ഇംഗ്ലിഷുകാര്‍ 'ധാര്‍ഷ്ട്യക്കാരും,' 'പ്രാകൃതരും,' ആണെന്നും തന്റെ പ്രസംഗത്തില്‍ അവര്‍ക്കു താല്പര്യമില്ലെന്നും മനസ്സിലാക്കിയ കോര്മാന് നിരാശനായി നാട്ടിലേക്കു മടങ്ങി.
എയ്ഡന്‍ എന്ന സന്യാസി കോര്‍മാനോടു പറഞ്ഞു, 'നിങ്ങളുടെ വിദ്യാഭ്യാസമില്ലാത്ത ശ്രോതാക്കളോട് നിങ്ങള്‍ ആവശ്യത്തിലധികം കാഠിന്യം കാണിച്ചു എന്നാണെനിക്കു തോന്നുന്നത്.' നോര്‍ത്തംബ്രിയക്കാര്‍ക്ക് 'കൂടുതല്‍ ലളിതമായ ഉപദേശത്തിന്റെ പാല്' നല്‍കുന്നതിനുപകരം, കോര്മാന് അവര്‍ക്ക് ഇനിയും ഗ്രഹിക്കാന്‍ പ്രാപ്തിയില്ലാത്ത ഉപദേശമാണു നല്‍കിയിരുന്നത്. എയ്ഡന്‍ നോര്‍ത്തംബ്രിയയിലേക്കു പോയി, ജനങ്ങളുടെ അറിവിന്് അനുയോജ്യമായി അദ്ദേഹം പ്രസംഗിച്ചപ്പോള്‍ ആയിരക്കണക്കിനാളുകള്‍ യേശുവില്‍ വിശ്വസിച്ചു.
മിഷനറിദൗത്യത്തിലുള്ള ഈ തന്ത്രപ്രധാനമായ സമീപനം തിരുവെഴുത്തില്‍നിന്നാണ് എയ്ഡനു ലഭിച്ചത്. 'ഭക്ഷണമല്ല, പാല് അത്രേ ഞാന്‍ നിങ്ങള്‍ക്കു തന്നത്; ഭക്ഷിക്കുവാന്‍ നിങ്ങള്‍ക്കു കഴിവില്ലായിരുന്നു; ഇപ്പോഴും കഴിവായിട്ടില്ല'' (1 കൊരിന്ത്യര്‍ 3:2) പൗലൊസ് കൊരിന്ത്യരോടു പറഞ്ഞു. ശരിയായ ജീവിതം ജനങ്ങളില്‍ നിന്നു പ്രതീക്ഷിക്കുന്നതിനുമുമ്പ്, യേശുവിനെക്കുറിച്ചുള്ള അടിസ്ഥാന പഠിപ്പിക്കലുകളായ മാനസാന്തരവും സ്നാനവും ഗ്രഹിപ്പിക്കണം എന്ന് എബ്രായര്‍ പറയുന്നു (എബ്രായര്‍ 5:13-6:2). പക്വത ലക്ഷ്യം വയ്ക്കുമ്പോള്‍ത്തന്നെ (5:14), നമുക്കു ക്രമം നഷ്ടപ്പെടരുത്. ഭക്ഷണത്തിനു മുമ്പു പാല് നല്‍കണം. തങ്ങള്‍ക്കു മനസ്സിലാകാത്ത ഉപദേശം അനുസരിക്കാന്‍ ആളുകള്‍ക്കു കഴികയില്ല.
നോര്‍ത്തംബ്രിയക്കാരുടെ വിശ്വാസം ആത്യന്തികമായി രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പുറത്തേക്കും വ്യാപിച്ചു. എയ്ഡനെപ്പോലെ, മറ്റുള്ളവരുമായി സുവിശേഷം പങ്കിടുമ്പോള്‍, ആളുകള്‍ ആയിരിക്കുന്ന അവസ്ഥയില്‍ അവരെ കണ്ടുമുട്ടുക.
ബുദ്ധിമുട്ടേറിയ ആളുകള്‍
ഒരു ബ്രിട്ടീഷ് ചരിത്രകാരിയും റ്റിവി അവതാരകയുമാണു ലൂസി വോര്‍സ്ലി. സമൂഹത്തില്‍ പ്രശസ്തരായവര്‍ അധികപേരും സാധാരണ നേരിടുന്നതുപോലെ അവള്‍ക്കും മോശമായ മെയിലുകള്‍ ലഭിക്കാറുണ്ട് - അവളുടെ കാര്യത്തില്‍ സംസാരത്തിലെ ചെറിയൊരു വൈകല്യം നിമിത്തം 'r' എന്നത് 'w' എന്നാണവള്‍ ഉച്ചരിക്കുന്നത് എന്നതാണ് വിമര്‍ശനങ്ങള്‍ക്കു കാരണം. ഒരാളെഴുതി: “ലൂസി, ഞാന്‍ തുറന്നങ്ങു പറയുകയാണ്: ഒന്നുകില്‍ ദയവായി നിങ്ങളുടെ അലസമായ പ്രസംഗം തിരുത്താന്‍ കഠിനമായി ശ്രമിക്കുക, അല്ലെങ്കില്‍ സ്ക്രിപ്റ്റില്‍നിന്ന് 'r' നീക്കം ചെയ്യുക - നിങ്ങളുടെ റ്റിവി പരിപാടി ആദിയോടന്തം കാണാനെനിക്കു കഴിയുന്നില്ല, അതെന്നെ ഭ്രാന്തുപിടിപ്പിക്കുന്നു. ആദരവോടെ, ഡാരന്‍.'’
ചില ആളുകളെ സംബന്ധിച്ച്, ഇതുപോലുള്ള വിവേകശൂന്യമായ ഒരു അഭിപ്രായം സമാന നിലയില്‍ പരുഷമായ മറുപടി നല്കാന് പ്രേരിപ്പിച്ചേക്കാം. എന്നാല്‍ ലൂസി പ്രതികരിച്ചതെങ്ങനെയെന്നത്: “ഓ, ഡാരന്‍, താങ്കള്‍ എന്റെ മുഖത്തു നോക്കി പറയാന്‍ മടിക്കുന്ന ചിലതു പറയാന്‍ ഇന്റര്‍നെറ്റിന്റെ അജ്ഞാതത്വം ഉപയോഗിച്ചുവെന്നു ഞാന്‍ കരുതുന്നു. താങ്കളുടെ നിഷ്കരുണമായ വാക്കുകള്‍ പുനര്‍വിചിന്തനം ചെയ്യുക! ലൂസി.’’
ലൂസിയുടെ അളന്നുകുറിച്ച പ്രതികരണം ഫലം കണ്ടു. ഡാരന്‍ ക്ഷമ ചോദിക്കുകയും അത്തരമൊരു ഇമെയില്‍ വീണ്ടും ആര്‍ക്കും അയയ്ക്കില്ലെന്ന് ശപഥം ചെയ്യുകയും ചെയ്തു.
സദൃശവാക്യങ്ങള്‍ പറയുന്നു: 'മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു' (15:1). കോപിഷ്ഠനായ വ്യക്തി കാര്യങ്ങള്‍ ഇളക്കിവിടുമ്പോള്‍, ക്ഷമാശീലന്‍ അതിനെ ശാന്തമാക്കുന്നു (വാ. 18). ഒരു സഹപ്രവര്‍ത്തകനില്‍നിന്ന് ഒരു വിമര്‍ശനാത്മക അഭിപ്രായം, അല്ലെങ്കില്‍ ഒരു കുടുംബാംഗത്തില്‍ നിന്നുള്ള ഒരു വിലകുറഞ്ഞ പരാമര്‍ശം, അല്ലെങ്കില്‍ അപരിചിതനില്‍നിന്നുള്ള മോശമായ മറുപടി എന്നിവ ലഭിക്കുമ്പോള്‍, നമുക്ക് തിരഞ്ഞെടുക്കാവുന്ന ഒന്നുണ്ട്: ആളിക്കത്തിക്കുന്ന കോപത്തിന്റെ വാക്കുകള്‍ പറയാം, അല്ലെങ്കില്‍ അവരെ മയപ്പെടുത്തുന്ന ശാന്തമായ വാക്കുകള്‍ പറയാം.
കോപത്തെ അകറ്റുന്ന വാക്കുകള്‍ സംസാരിക്കാന്‍ ദൈവം നമ്മെ സഹായിക്കട്ടെ - അല്ലെങ്കില്‍ ബുദ്ധിമുട്ടേറിയ ആളുകള്‍ക്കു മാറ്റം വരാന്‍ സഹായിക്കട്ടെ.
ചേരിയിലെ ഗാനങ്ങള്‍
തെക്കെ അമേരിക്കയിലെ പരാഗ്വേയിലെ ഒരു ചെറിയ ചേരി. തീര്‍ത്തും ദരിദ്രരായ അതിലെ നിവാസികള്‍ അവിടുത്തെ മാലിന്യക്കൂമ്പാരത്തില്‍നിന്ന് പാഴ്വസ്തുക്കള് പെറുക്കിവിറ്റാണ് ജീവിക്കുന്നത്. എന്നാല്‍ ഈ പരിതാപകരമായ അവസ്ഥകളില്‍നിന്ന് മനോഹരമായ ഒന്ന് ഉയര്‍ന്നുവന്നിട്ടുണ്ട് - ഒരു ഓര്‍ക്കസ്ട്ര.
ഒരു വയലിന് (violin) ഈ ചേരിയിലെ ഒരു വീടിനെക്കാളും അധികം വിലയുള്ളതിനാല്‍, അവര്‍ക്ക് കൂടതല്‍ സര്‍ഗ്ഗാത്മകമായി ചിന്തിക്കേണ്ടിയിരുന്നു - പാഴ്വസ്തു ശേഖരമുപയോഗിച്ച് അവര്‍ സ്വന്തം സംഗീതോപകരണങ്ങള്‍ നിര്‍മ്മിച്ചു. എണ്ണപ്പാട്ടകളും ടെയില്‍പീസായി വളഞ്ഞ ഫോര്‍ക്കുകളും ഉപയോഗിച്ച് വയലിനുകള്‍ നിര്‍മ്മിച്ചു. മാലിന്യപൈപ്പുകളും കീകള്‍ക്കായി കുപ്പിയുടെ മുകള്‍ഭാഗവും ഉപയോഗിച്ച് സാക്സോഫോണുകള്‍ നിര്‍മ്മിച്ചു. ന്യോക്കി റോളുകള്‍ ട്യൂണിംഗ് പെഗ്ഗുകളായി ഉപയോഗിച്ചുകൊണ്ട് ടിന് വീപ്പകളുപയോഗിച്ച് ചെല്ലോസ് നിര്‍മ്മിച്ചു. ഈ സൂത്രപ്പണികളില്‍ മൊസാര്‍ട്ട് വായിക്കുന്നതു കേള്‍ക്കുന്നത് മനോഹരമായ ഒരു കാര്യമായിരുന്നു. ഓര്‍ക്കസ്ട്ര, പല രാജ്യങ്ങളിലും പര്യടനം നടത്തി - അത് അതിലെ യുവഅംഗങ്ങളുടെ കാഴ്ചപ്പാടുകള്‍ ഉയര്‍ത്തി.
പാഴ്വസ്തുക്കളില്‍നിന്നുള്ള വയലിനുകള്‍; ചേരികളില്‍നിന്നുള്ള സംഗീതം. അത് ദൈവം ചെയ്യുന്നതിന്റെ പ്രതീകമാണ്. ദൈവത്തിന്റെ പുതിയ സൃഷ്ടിയെ യെശയ്യാവു ദര്ശിക്കുമ്പോള്, ദാരിദ്ര്യത്തില്‍നിന്ന് സൗന്ദര്യം ഉടലെടുക്കുന്ന സമാനമായ ഒരു ചിത്രമായിരുന്നു അത് - നിര്‍ജജനപ്രദേശം ഉല്ലസിച്ചു പനിനീര്‍പുഷ്പംപോലെ പൂക്കുന്നു (യെശയ്യാവ് 35:1-2), വരണ്ടനിലം നീരുറവുകളായിത്തീരുന്നു (വാ. 6-7.) വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീര്‍ക്കുന്നു (2:4), ദരിദ്രരായ ആളുകള്‍ സന്തോഷകരമായ ഗാനങ്ങളുടെ ശബ്ദത്തില്‍ പൂര്‍ണ്ണതയുള്ളവരായി മാറുന്നു (35:5-6, 10).
'ലോകം ഞങ്ങള്‍ക്കു ചപ്പുചവറുകള്‍ അയയ്ക്കുന്നു,'' ഓര്‍ക്കസ്ട്ര ഡയറക്ടര്‍ പറയുന്നു. 'ഞങ്ങള്‍ സംഗീതം തിരിച്ചയയ്ക്കുന്നു.'' അവര്‍ അതു ചെയ്യുമ്പോള്‍, ദൈവം എല്ലാ കണ്ണുകളില്‍നിന്നും കണ്ണുനീര് തുടച്ചുകളയുകയും ദാരിദ്ര്യം ഇല്ലാതാവുകയും ചെയ്യുന്ന ഭാവിയുടെ ഒരു ദര്‍ശനം അവര്‍ ലോകത്തിനു നല്കുന്നു.
ഭയത്തെ അഭിമുഖീകരിക്കുക
വാറന്‍ ഒരു പള്ളിയുടെ പാസ്റ്ററായി ഒരു ചെറിയ പട്ടണത്തിലേക്ക് മാറി. അദ്ദേഹത്തിന്റെ ശുശ്രൂഷയ്ക്ക് പ്രാഥമിക വിജയം ലഭിച്ച ശേഷം, നാട്ടുകാരില്‍ ഒരാള്‍ അദ്ദേഹത്തിനെതിരായി മാറി. വാറന്‍ ഭയാനകമായ പ്രവൃത്തികള്‍ ചെയ്യുന്നു എന്നാരോപിച്ച് ഒരു കഥ തയ്യാറാക്കിയ ഇയാള്‍ ഈ കഥ പ്രാദേശിക പത്രങ്ങള്‍ക്കു നല്‍കുകയും പ്രദേശവാസികള്‍ക്ക് മെയില്‍ വഴി വിതരണം ചെയ്യുന്നതിനായി തന്റെ ആരോപണങ്ങള്‍ ലഘുലേഖയായി അച്ചടിക്കുകയും ചെയ്തു. വാറനും ഭാര്യയും തീവ്രമായി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ആളുകള്‍ ആ നുണ വിശ്വസിച്ചാല്‍, അവരുടെ ജീവിതം അവസാനിക്കും.
ദാവീദ് രാജാവ് ഒരിക്കല്‍ സമാനമായ അനുഭവം നേരിട്ടു. ഒരു ശത്രുവിന്റെ അപവാദ ആക്രമണത്തെ അവന് നേരിട്ടു. 'ഇടവിടാതെ അവര്‍ എന്റെ വാക്കുകളെ കോട്ടിക്കളയുന്നു; അവരുടെ വിചാരങ്ങളൊക്കെയും എന്റെ
നേരെ തിന്മയ്ക്കായിട്ടാകുന്നു'' (സങ്കീ. 56: 5). നിരന്തരമായ ഈ ആക്രമണം അവനു ഭയവും കണ്ണുനീരും നല്കി (വാ. 8). എന്നാല്‍ പോരാട്ടത്തിന്റെ മധ്യത്തില്‍ അവന് ഈ ശക്തമായ പ്രാര്‍ത്ഥന നടത്തി: 'ഞാന്‍ ഭയപ്പെടുന്ന നാളില്‍ നിന്നില്‍ ആശ്രയിക്കും.... ജഡത്തിന് എന്നോട് എന്തുചെയ്യുവാന്‍ കഴിയും?'' (വാ. 3, 4).
ദാവീദിന്റെ പ്രാര്‍ത്ഥന ഇന്ന് നമുക്ക് ഒരു മാതൃകയാക്കാന്‍ കഴിയും. ഞാന്‍ ഭയപ്പെടുമ്പോള്‍ - ഭയത്തിന്റെയോ ആരോപണത്തിന്റെയോ സമയങ്ങളില്‍, നാം ദൈവത്തിലേക്ക് തിരിയുന്നു. ഞാന്‍ നിന്നില്‍ ആശ്രയിക്കുന്നു - നാം നമ്മുടെ യുദ്ധത്തെ ശക്തമായ കൈകളില്‍ ഏല്പിക്കുന്നു. കേവലം മനുഷ്യരായവര്‍ക്ക് എന്നെ എന്തുചെയ്യാന്‍ കഴിയും? അവനോടുചേര്‍ന്ന് സാഹചര്യത്തെ നേരിടുമ്പോഴാണ്, നമുക്കെതിരായ ശക്തികള്‍ എത്രത്തോളം ദുര്‍ബ്ബലമാണെന്ന് നാം ഓര്‍ക്കുന്നത്.
വാറനെക്കുറിച്ചുള്ള കഥ പത്രം അവഗണിച്ചു. ചില കാരണങ്ങളാല്‍, ലഘുലേഖകള്‍ ഒരിക്കലും വിതരണം ചെയ്യപ്പെട്ടില്ല. ഇന്ന് നിങ്ങള്‍ എന്ത് പോരാട്ടത്തെയാണ് ഭയപ്പെടുന്നത്? ദൈവത്തോട് സംസാരിക്കുക. നിങ്ങളോട് ചേര്‍ന്ന് യുദ്ധം ചെയ്യാന്‍ അവന് തയ്യാറാണ്.
ശ്വാസം കിട്ടാതെ
എന്റെ അടുത്ത് ഒരു ഹോം-ഇംപ്രൂവ്മെന്റ് സ്റ്റോര്‍ ഉണ്ട്, അതിന്റെ ഒരു ഡിപ്പാര്‍ട്ട്മെന്റില്‍ ഒരു വലിയ പച്ച ബട്ടണ്‍ ഉണ്ട്. ഒരു സഹായിയും ഇല്ലെങ്കില്‍, നിങ്ങള്‍ ഒരു ബട്ടണ്‍ അമര്‍ത്തുക, അപ്പോള്‍ ഒരു ടൈമര്‍ പ്രവര്‍ത്തിച്ചുതുടങ്ങും. നിങ്ങള്‍ക്ക് ഒരു മിനിറ്റിനുള്ളില്‍ സേവനം ലഭിക്കുന്നില്ലെങ്കില്‍, നിങ്ങളുടെ വാങ്ങലിന് ഡിസ്കൗണ്ട് ലഭിക്കും.
വേഗത്തിലുള്ള സേവനം ലഭിക്കുന്ന ഈ സാഹചര്യത്തിലെ ഉപഭോക്താവാകാന്‍ നാം ആഗ്രഹിക്കുന്നു. എന്നാല്‍ നാം ആണ് സേവനദാതാക്കളെങ്കില്‍ അതിവേഗ സേവനത്തിനായുള്ള ഡിമാന്‍ഡ് നമുക്കിഷ്ടമല്ല. ഇന്ന് നമ്മളില്‍ പലരും ദീര്‍ഘനേരം ജോലി ചെയ്യുന്നതും ഒന്നിലധികം തവണ ഇമെയില്‍ പരിശോധിക്കുന്നതും നമ്മെ തിരക്കിലാക്കുന്നതായും, ഒട്ടും ഇളവില്ലാത്ത സമയപരിധി പാലിക്കാന്‍ സമ്മര്‍ദ്ദം അനുഭവപ്പെടുന്നതായും പരാതിപ്പെടുന്നു. ഹോം-ഇംപ്രൂവ്മെന്റ് സ്റ്റോറിന്റെ ഉപഭോക്തൃ സേവന തന്ത്രങ്ങള്‍ നമ്മുടെ എല്ലാ ജീവിതങ്ങളിലേക്കും കടന്നുവന്ന് തിരക്കിന്റെ ഒരു സംസ്കാരം സൃഷ്ടിക്കുന്നു.
ശബ്ബത്ത് ആചരിക്കാന്‍ ദൈവം യിസ്രായേല്യരോട് പറഞ്ഞപ്പോള്‍, ഒരു പ്രധാന കാരണവും ദൈവം പറഞ്ഞു, ''നീ മിസ്രയീംദേശത്ത് അടിമയായിരുന്നു ...എന്നും ഓര്‍ക്കുക' (ആവര്‍ത്തനം 5:15). ഫറവോന്റെ അമിതമായ സമയ നിയന്ത്രണങ്ങളില്‍ അവിടെ നിരന്തരം പ്രവര്‍ത്തിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി (പുറപ്പാട് 5:6-9). ഇപ്പോള്‍ മോചിതരായ അവര്‍, തങ്ങള്‍ക്കും തങ്ങളെ സേവിക്കുന്നവര്‍ക്കും വിശ്രമം ഉറപ്പുവരുത്താന്‍ ഓരോ ആഴ്ചയും ഒരു ദിവസം മുഴുവന്‍ സ്വസ്ഥതയ്ക്കായി വേര്‍തിരിക്കണമായിരുന്നു (ആവര്‍ത്തനം 5:14). ദൈവഭരണത്തിന്‍കീഴില്‍, മുഖം ചുവന്ന, ശ്വാസം കിട്ടാത്ത ആളുകള്‍ ഉണ്ടായിരിക്കരുത്.
നിങ്ങള്‍ എത്ര തവണ ക്ഷീണിതനാകുവോളം പ്രവര്‍ത്തിക്കുന്നു അല്ലെങ്കില്‍ നിങ്ങളെ കാത്തിരുത്തുന്ന ആളുകളോട് അക്ഷമരായിത്തീരുന്നു? നമുക്കും മറ്റുള്ളവര്‍ക്കും ഒരു ഇടവേള നല്‍കാം. തിരക്കിന്റെ സംസ്കാരം ഫറവോന്റേതാണ്, ദൈവത്തിന്റേതല്ല.